ഇടതുപക്ഷ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചു, വ്യാജകഥകൾ മെനഞ്ഞു; ആരോപണവുമായി കോടിയേരി

കേരളത്തിൽ ഇടതപുക്ഷ ഭരണത്തുടർച്ച തടയാനായി വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

എല്ലാ വലതുപക്ഷ മാധ്യമങ്ങളും വ്യാജകഥകൾ മെനഞ്ഞിട്ടും എൽഡിഎഫ് എങ്ങനെ ഭരണത്തിൽ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കണമെന്ന് കോടിയേരി പറഞ്ഞു.

സത്യത്തോട് കൂറ് പുലർത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സ്വാ​ത​ന്ത്ര്യ ദി​നം സി​.പി​.എം ആ​ഘോ​ഷി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ൾ മ​റ്റു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ കമ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി വ​ഹി​ച്ച പ​ങ്ക് മ​റ​ച്ചു​വെയ്​ക്കാ​ൻ ശ്ര​മം ന​ട​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ നിഷ്‌പക്ഷരല്ല. എല്ലാവർക്കും അവരവരുടെ താത്പര്യങ്ങളുണ്ട്‌. മാധ്യമങ്ങൾ വിശ്വസ്തത വീണ്ടെടുക്കാൻ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണമെന്നും കോടിയേരി പറഞ്ഞു.