പാര്‍ട്ടി 'ക്ലാസില്‍' പങ്കെടുത്തില്ല, ഒപ്പിടാതെ വോട്ട് അസാധുവാക്കി; 'മേയര്‍' തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഘോഷത്തില്‍ പങ്കെടുത്തില്ല; ശ്രീലേഖയുടെ നടപടികളില്‍ അതൃപ്തി പുകഞ്ഞു ബിജെപി

ബിജെപിയെ തുടര്‍ച്ചയായി വെട്ടിലാക്കുകയാണ് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ എന്നതാണ് ബിജെപി നേതൃത്വത്തിന്റെ അനുമാനം. മേയറാക്കാമെന്ന് പറഞ്ഞു വഞ്ചിച്ചു കൗണ്‍സിലര്‍ സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിന്റെ അമര്‍ഷം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് ബിജെപി നേതൃത്വത്തിന് അതൃപ്തി കലശലായതത്. കോര്‍പറേഷന്‍ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് ഒടുവില്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതു മനഃപൂര്‍വം അല്ലെന്ന് വിലയിരുത്തുമ്പോഴും കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ബിജെപിയ്ക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

നഗരാസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പില്‍ ഒപ്പിടാത്തതാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാന്‍ കാരണം. വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കായി ആദ്യം നടത്തിയ ക്ലാസില്‍ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്നു നേതാക്കള്‍ അറിയിച്ചു. ഇത്തരത്തില്‍ വോട്ടിംഗ് ക്ലാസില്‍ പങ്കെടുക്കാതെ വോട്ട് അസാധുവാക്കിയതില്‍ അമര്‍ഷമുള്ളവര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിലുണ്ട്. ശ്രീലേഖയുടെ നടപടികളിലൊന്നും പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ജില്ലയില്‍ മാത്രമല്ല സംസ്ഥാന നേതൃത്വത്തിനും അതൃപ്തി കനക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള വിജയാഘോഷങ്ങളില്‍ പങ്കെടുക്കാതെ ശ്രീലേഖ പാര്‍ട്ടിയെ വെട്ടിലാക്കിയതും നേതൃത്വത്തിന് കല്ലുകടിയായി. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാത്തതിലുള്ള അമര്‍ഷമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയറും ഡപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചുവെങ്കിലും ശാസ്തമംഗലം കൗണ്‍സിലറാകാന്‍ വേണ്ടിയാണോ തന്നെ മല്‍സരിപ്പിച്ചതെന്ന തോന്നലും മേയര്‍ സ്ഥാനം പറഞ്ഞു തിരഞ്ഞെടുപ്പിന് ഇറക്കി എന്ന രോഷവും ശ്രീലേഖയ്ക്കുണ്ട്. മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നെ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമായതിന് പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായത്.

കൗണ്‍സിലറായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം ശാസ്തമംഗലത്ത് കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് വി.കെ.പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്നു മേയര്‍ വി.വി.രാജേഷ് പ്രഖ്യാപിച്ചതല്ലാതെ തനിക്കു പാര്‍ട്ടിയില്‍ നിന്നു പിന്തുണ കിട്ടിയില്ലെന്ന് ശ്രീലേഖയും അതൃപ്തി പരസ്യമാക്കുന്നുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും