ഭര്‍തൃവീട്ടില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ പൊലീസ് കസ്റ്റഡിയില്‍. തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹബീബിന്റെ അമ്മാവന്‍ കുന്നുമ്മക്കര സ്വദേശി ഹനീഫയെയാണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹനീഫ ഷബ്‌നയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എടച്ചേരി പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് ഹനീഫയെ കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്നു ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബ്. ഷബ്‌ന മുറി അടച്ചിട്ടെന്ന് ഹബീബ് ഷബ്‌നയുടെ ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷബ്‌നയുടെ ബന്ധുക്കളെത്തി വാതില്‍ തുറന്ന് നോക്കുമ്പോള്‍ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വൈകുന്നേരം വീട്ടില്‍ വഴക്കുണ്ടായതായി ഷബ്‌നയുടെ മകള്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബന്ധുക്കളാണ് സിസിടിവി ദൃശ്യങ്ങളില്‍ ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്. ഷബ്‌ന മുറിയില്‍ കയറി വാതില്‍ അടച്ചതോടെ മാതാവിനെ രക്ഷിക്കാന്‍ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്നും മകള്‍ മൊഴി നല്‍കി.

പത്ത് വര്‍ഷം മുന്‍പ് ആയിരുന്നു ഷബ്‌നയും ഹബീബും വിവാഹിതരായത്. ഭര്‍തൃവീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നെന്ന് ഷബ്‌നയുടെ ബന്ധുക്കള്‍ പറയുന്നു. പീഡനം അസഹ്യമായതോടെ ഷബ്‌ന സ്വന്തമായി വീടെടുത്ത് താമസം മാറാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം ഷബ്‌ന ഭര്‍തൃവീട്ടുകാരോട് തിരികെ ചോദിച്ചു. എന്നാല്‍ ഷബ്‌നയ്ക്ക് സ്വര്‍ണം തിരികെ നല്‍കാന്‍ ഹബീബിന്റെ കുടുംബം തയ്യാറായിരുന്നില്ല. ഷബ്‌നയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എടച്ചേരി പൊലീസില്‍ പരാതി നല്‍കുകയീയിരുന്നു.