കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അതേസമയം കഞ്ചാവ് പിടികൂടിയ സംഭവം വിശദമായി അന്വേഷിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ നിന്നും 10 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേ‍ർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു.

ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അന്വേഷണത്തിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവാണ്. പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാ​ഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.