സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍; കുസാറ്റ് വി.സിയായി ഡോ. പി.ജി ശങ്കരനെ നിയമിച്ചു

കുസാറ്റ് വിസി നിയമനത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച ഗവര്‍ണര്‍, കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു. ഡോ. കെ എന്‍ മധുസൂദനന്‍ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നിയമനം.

നാലുവര്‍ഷം വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഡോ. കെ.എന്‍ മധുസൂദനന്‍ കൊച്ചി സര്‍വകലാശാലയില്‍നിന്ന് പടിയിറങ്ങിയത്. പ്രഫ. മധുസൂദനന്‍, സര്‍വകലാശാല താല്‍ക്കാലിക രജിസ്ട്രാറായും ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ ദീര്‍ഘകാലം വകുപ്പ് മേധാവിയായും പ്രഫസറായും സിന്‍ഡിക്കേറ്റ് അംഗമായും മഹാത്മാഗാന്ധി സര്‍വകലാശാല എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ഡീന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുസാറ്റില്‍നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ ശേഷം ഐ.ഐ.എസ്.സി ബംഗളൂരു, ജര്‍മനി, ബെല്‍ജിയം, ഇറ്റലി എന്നിവിടങ്ങളില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 30 വര്‍ഷത്തെ അദ്ധ്യാപന പരിചയത്തിനിടെ നിരവധി ഗവേഷണ വിദ്യാര്‍ഥികളുടെ ഗൈഡായും പ്രവര്‍ത്തിച്ചു. പ്രമുഖ ജേണലുകളില്‍ 150ലേറെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.