'ദേവസ്വം ബോർഡിനെ ചവിട്ടിപ്പുറത്താക്കണം, വി എൻ വാസവൻ രാജിവെക്കണം'; മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളെന്ന് വി ഡി സതീശൻ

ശബരിമല സ്വർണപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വംമന്ത്രി രാജിവെക്കണമെന്നും നിലവിലെ ബോർഡിനെ ചവിട്ടിപ്പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പട്ടാമ്പി തിരുവേഗപ്പുറയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അയ്യപ്പവിഗ്രഹംതന്നെ അടിച്ചുമാറ്റുന്ന സ്ഥിതി ഉണ്ടാവുമായിരുന്നെന്നും വി ഡി സതീശൻ പരിഹസിച്ചു. ദേവസ്വംമന്ത്രിക്കും ഇപ്പോഴത്തെ ദേവസ്വംബോർഡിനും ഇതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. വി എൻ വാസവൻ രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വത്തിന്റെ പങ്ക് നേരത്തെ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ഇപ്പോൾ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും വി ഡി സതീശൻ ആരോപിച്ചു.

ഗൂഢാലോചന നടത്തിയവരിൽ 2019-ലെ ദേവസ്വം ബോർഡ് പ്രസിഡന്റും മെമ്പർമാരും ഉണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും മന്ത്രിക്കും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. ഈ കേസ് ശരിയായി അന്വേഷിച്ചാൽ അവരും പ്രതികളാകും. ഊഹങ്ങളെല്ലാം ശരിയായിരുന്നു. എല്ലാം പ്രതിപക്ഷത്തിന്റെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നു. ആഗോള സംഗമം പൊളിക്കാനുള്ള ഗൂഢാലോചന എന്നാണ് ആദ്യം പറഞ്ഞത്. ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും ഒരു നിമിഷം പോലും അധികാരത്തിലിരിക്കാൻ അർഹതയില്ലെന്നും വിഡി സതീശൻ ആരോപിച്ചു.

Read more