ചെമ്പോല വിവാദം കത്തി, ഉടമകള്‍ ഉടക്കി; സഹിന്‍ ആന്റണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനെന്ന് വിശേഷിപ്പിക്കുന്ന ട്വന്റി ഫോര്‍ ന്യൂസിലെ സഹിന്‍ ആന്റണിയെ രാജിവെപ്പിച്ചു. മോന്‍സന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല ശബരിമലയുടെ രേഖയെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്ത സഹിന്‍ ആന്റണിക്കും ചാനലിനും എതിരെ ഹിന്ദു സംഘടനകളും, പന്തളം കൊട്ടാരവും പരാതി നല്‍കുകയും ചെയ്തു. ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയടക്കം നിയമസഭയില്‍ പറഞ്ഞിട്ടും, ചാനല്‍ സഹിന്‍ ആന്റണിയെ പുറത്താക്കിയിരുന്നില്ല. പകരം താല്‍ക്കാലികമായി മാറി നില്‍ക്കാനായിരുന്നു ആവശ്യപ്പെട്ടത്.

ചെമ്പോല വിവാദത്തിലായതോടെ ബിജെപി നേതാവ് ശങ്കു ടി ദാസ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ സമൂഹമാധ്യമ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനകം മുപ്പതിനായിരത്തിലധികം പരാതികളാണ് ചാനലിനെതിരെ നല്‍കിയിട്ടുള്ളത്. ശങ്കു ടി ദാസിന് ചാനല്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും, ഫേസ്ബുക്കിലൂടെ ചാനല്‍ വാദങ്ങളെ പൊളിക്കുകയായിരുന്നു ശങ്കു ചെയ്തത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ചാനല്‍ ഉടമകളായ ഭീമ ഗോവിന്ദന്‍, ഗോകുലം ഗോപാലന്‍, ആലുങ്കല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്ത ബോര്‍ഡ് യോഗമാണ് സഹിന്റെ രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്. ചെമ്പോല വിവാദത്തില്‍ ചാനല്‍ മേധാവി ശ്രീകണഠന്‍ നായരോടും ഉടമകള്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. നേരത്തെ മുട്ടില്‍ മരംമുറി വിവാദത്തില്‍ ട്വന്റിഫോര്‍ ന്യൂസിലെ കോഴിക്കോട് റീജണല്‍ ചീഫ് ദീപക് ധര്‍മ്മടത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗോകുലം ഗോപാലന്റെ അടുത്തയാളായ ദീപക്കിനെ ചാനല്‍ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ആലുങ്കല്‍ മുഹമ്മദിന്റെ അടുത്തയാളായ സഹിന്‍ ആന്റണിക്ക് കൂടുതല്‍ സമയം അനുവദിക്കുകയും, നടപടിയെടുക്കാതിരിക്കുകയും ചെയ്തത് ഉടമകളെ ചൊടിപ്പിച്ചതോടെയാണ് സഹിന്റെ രാജി എഴുതി വാങ്ങാന്‍ ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്.

അതിനിടെ എറണാകുളം പ്രസ്‌ക്ലബുമായി ബന്ധപ്പെട്ട പത്തുലക്ഷം രൂപയുടെ പണമിടപാടില്‍ രണ്ടു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി സഹിന്‍ ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പക്ഷെ രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു കണക്കില്‍ കാണിച്ചത്. ഇതോടെ പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ സഹിന്‍ ആന്റണിയെ പ്രസ്‌ക്ലബ്ബ് ഭാരവാഹിത്വത്തില്‍ നിന്നും രാജിവെപ്പിച്ചിരുന്നു. എന്നാല്‍ മോന്‍സന്റെ തട്ടിപ്പിലൂടെ ലഭിച്ച പത്തു ലക്ഷത്തിന്റെ കഥകള്‍ പുറത്തു വന്നതോടെ സഹിനെ യൂണിയനില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്.