പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസ്, എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് മുന്‍കൂര്‍ ജാമ്യം

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. ബലാല്‍സംഗ കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡി. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.

പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ച് മര്‍ദിച്ചത് എല്‍ദോസ് ആണെന്നും ഇത് അഭിഭാഷകര്‍ കണ്ടുനിന്നെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും മൂന്ന് അഭിഭാഷകര്‍ക്കും എതിരെ പരാതിക്കാരി നല്‍കിയ മൊഴി പുറത്തായി. വക്കീല്‍ ഓഫിസില്‍ പൂട്ടിയിട്ട് മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഒക്ടോബര്‍ ഒന്‍പതിന് പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എല്‍ദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.