കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും; ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ധനസഹായവുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപത അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് രൂപത വ്യക്തമാക്കി.
രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ധനസഹായം നല്‍കുക.

നേരത്തെ, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കിയിരുന്നു. മാനന്തവാടിയില്‍ പടമല പനച്ചിയില്‍ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്.

പ്രിയപ്പെട്ടവര്‍ നോക്കിനില്ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളില്‍ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവന്‍കൂടി നഷ്ടമായത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണം.

വന്യമൃഗങ്ങള്‍ ജീവനെടുക്കുന്നതും കൃഷിനശിപ്പിക്കുന്നതും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗൗരവകരമായ സമീപനം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.

മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യജീവനു പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്‌കൃതസമൂഹത്തിനു ചേരുന്നതല്ല. മലയോരമേഖലകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും കാത്തിരിക്കുന്നതു ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടിവരുമെന്നു മേജര്‍ ആര്‍ച്ചുബിഷപു പറഞ്ഞു. അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അജിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നതായും മേജര്‍ ആര്‍ച്ചുബിഷപ് അറിയിച്ചു.