തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; എം. സ്വരാജിൻ്റെ ഹർജിയിൽ കെ. ബാബുവിന് നോട്ടീസ്

തൃപ്പൂണിത്തുറയിലെ കെ ബാബുവിൻ്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കെ ബാബുവടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.

അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തിരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ത്ഥിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പാണ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിതരണം ചെയ്തത്. ഈ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 15 നാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ബാബുവിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു സിറ്റിംഗ് എംഎല്‍എയായിരുന്ന സ്വരാജിനെ 1009 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. കെ ബാബു 65875 വോട്ടു നേടിയപ്പോൾ 64883 വോട്ടാണ് സ്വരാജിനു ലഭിച്ചുത്. എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് 23756 വോട്ടു ലഭിച്ചു.