തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാം, കെ ബാബുവിന്റെ ഹർജി സുപ്രീംകോടതി തള്ളി

തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ് നൽകി. തിരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.

എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരള ഹൈകോടതി ഈ വർഷം മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. കെ ബാബുവിന്റെ ഹർജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി നൽകി. കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന കെ ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം എം സ്വരാജ് ഉയർത്തിയിരുന്നു.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്ന് എം സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
2021ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.