എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വച്ച് സുപ്രീംകോടതി; കേസ് മാറ്റിവയ്ക്കുന്നത് 36ാം തവണ; സമയക്കുറവ് കാരണമെന്ന് കോടതി

സുപ്രീംകോടതി വീണ്ടും ലാവ്‌ലിന്‍ കേസ് മാറ്റി വച്ചു. ഇതോടെ 36ാം തവണയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് കാരണമാണ് കേസ് മാറ്റിവച്ചതെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

2017ല്‍ ആണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ സിബിഐയുടെ അപ്പീല്‍ എത്തുന്നത്. കഴിഞ്ഞ മാസം കേസ് കോടതിയുടെ പരിഗണനയിലെത്തിയെങ്കിലും സിബിഐക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു മറ്റു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭൂവിയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് മാറ്റിവെച്ചത്.

2007 ജനുവരി 16ന് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11ന് പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ 2013 നവംബര്‍ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവിറക്കി. തുടര്‍ന്ന് ഹൈക്കോടതി 2017 ഓഗസ്റ്റ് 23ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഒഴിവാക്കി. 2017 ഡിസംബര്‍ 19ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹര്‍ജി നല്‍കുകയായിരുന്നു.