ആശ വര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും എളമരം കരീം രംഗത്ത്. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്നാണ് എളമരം കരീമിന്റെ അധിക്ഷേപ പരാമർശം. സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ടാകാം എന്നും നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായെന്നും എളമരം കരീം പറഞ്ഞു. അതേസമയം ജോലി അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ച് സമരത്തിലേക്ക് പോകുന്നത് ശരിയായ രീതിയല്ലെന്നും എളമരം കരീം പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ അധിക്ഷേപിച്ചാണ് സിപിഐഎം നേതാവ് എളമരം കരീം രംഗത്തെത്തിയത്. ഇത് ഏതൊ ഒരു ഈര്‍ക്കില്‍ സംഘടന. ഒറ്റയ്ക്ക് അവരുടെ സംഘടനാശക്തികൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ടാകാം. നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായി. പിന്നാലെ മഹിള കോണ്‍ഗ്രസ് വന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളി കയറുന്നു.
എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെയൊരു ശ്രദ്ധ പിടിച്ചു പറ്റിയെന്ന ആവേശത്തിലായിരിക്കാം അവര്‍ തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം സ്തംഭിക്കുന്ന ഒരു സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇത്തരം ജോലികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ച് ഇവര്‍ പോകുന്നത് ശരിയായ രീതിയല്ലെന്നും എളമരം കരീം പറഞ്ഞു.