ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രം, കാനനപാത വഴിയും 5000 പേർക്ക് മാത്രം പാസ്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി ചുരുക്കി. കാനനപാത വഴിയും 5000 പേർക്ക് മാത്രം പാസ് നൽകും. വനംവകുപ്പാണ് പാസ് നൽകുക. തിങ്കളാഴ്ച വരെയായിരിക്കും നിയന്ത്രണം. തിരക്ക് നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സ്പോട്ട് ബുക്കിംഗ് 20000 ആക്കി കുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

അതേസമയം ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. ദേവസ്വം ബോർഡ് പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. തിക്കിത്തിരക്കി ആളുകളെ കയറിയിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു.

പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു.

പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read more