രാജ്യത്ത് ആദ്യമായി ബോഡി ഷെയിമിങ് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബിൽ ഏറ്റെടുത്ത് കേരള ജനത. ഇന്നലെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് അത്യാവിശ്യമായ മാറ്റം എന്നാണ് ബില്ലിനെ പലരും വിശേഷിപ്പിച്ചത്.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ബോഡി ഷെയിമിങ് അനുഭവിക്കാത്ത ഒരു മലയാളി ഉണ്ടാകില്ല. അത് തന്നെയാണ് സർക്കാരിന്റെ തീരുമാനത്തെ ജനപ്രിയമാക്കിയത്. സമൂഹം കല്പിച്ച അഴകളവുകളുടെ അപ്പുറത്തോ ഇപ്പുറത്തോ ആണെങ്കിൽ അതുവച്ച് അവരെ പരിഹസിക്കുന്നത് മലയാളിയുടെ ഒരു പൊതു സ്വഭാവമാണ്. തൊലി വെളുത്തിരിക്കണം, തടി കൂടാനോ കുറയാനോ പാടില്ല, മുടിവളർത്തിയാലും വെട്ടിയാലും കുറ്റം, പല്ലുപൊന്തരുത്, പൊക്കം കൂടരുത്, കുറയരുത് തുടങ്ങി ബോഡി ഷെയിമിങ് ചെയ്യാനുള്ള കാരണങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്.
പറയുന്നവർ തമാശയായി ഇതിനെ ന്യായീകരിക്കുമെങ്കിലും ചെറുപ്പം മുതൽ ഇത് കേട്ടു വളരുന്ന ഒരാൾക്ക് ഇതേൽപ്പിക്കുന്ന ട്രോമ ചില്ലറയല്ല. അപകർഷതയുടെ ഇരുട്ടിൽ സ്വയം ഒതുങ്ങിക്കൂടും. ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ തലയുയർത്താൻ മടിക്കും. 90 ശതമാനം ആളുകളിലും ആത്മവിശ്വാസക്കുറവും, സോഷ്യൽ ആങ്സൈറ്റിയും ഉണ്ടാകാനുള്ള പ്രധാന കാരണം ഇത്തരം കളിയാക്കലുകളേറ്റുവാങ്ങിയ ബാല്യമാണ്. ഇതിനെയൊക്കെ ഒരു പരിധിവരെ കുറയ്ക്കാൻ പുതിയ ബില്ലിലൂടെ സാധിക്കുമെന്നാണ് അഭിപ്രായം.
Read more
ബോഡി ഷെയിമിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബോഡി ഷെയിമിങിനെ റാഗിങ് പരിധിയിൽ വരുന്ന കുറ്റമാക്കി മാറ്റാനുള്ള നീക്കം സർക്കാർ നടത്തിയിരിക്കുന്നത്. പല്ല് പൊന്തിയിരിക്കുന്ന ആളുകൾക്ക് പൊലീസ് സേനയുടെ ഭാഗമാകാൻ കഴയില്ല എന്നൊരു നിയമം അടുത്ത കാലം വരെ നമ്മുടെ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ആ നിയമം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കണ്ടെത്തി പരിഷ്‌കരിച്ചിരുന്നു.