അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു; ചിറ്റയത്തിന് ഗൂഢലക്ഷ്യമെന്ന് വീണാ ജോര്‍ജ്

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗൂഢലക്ഷ്യമാണുള്ളതെന്നും എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നുവെന്നും ചൂണ്ടിക്കാട്ടി ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി എല്‍ഡിഎഫിന് പരാതി നല്‍കി.

ഡെപ്യൂട്ടി സ്പീക്കറുടേത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാരെ അടക്കം എല്ലാവരെയും ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. അത് മന്ത്രിയുടെ ചുമതലയല്ല. ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്. ചിറ്റയത്തിന്റെ ഫോണ്‍ രേഖ പരിശോധിക്കണം. അദ്ദേഹം രാഷ്ട്രീയമര്യാദ പാലിച്ചില്ലെന്നും മുന്നണിയിലെ അനാവശ്യ വിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. മന്ത്രിയല്ലെന്നും വീണാ ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വീണാ ജോര്‍ജിനെതിരെ നേരത്തെ ചിറ്റയം സിപിഎം ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിരുന്നില്ല. അതേ തുടര്‍ന്നാണ് പരസ്യ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണ്. കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്റെ കേരളം പ്രദര്‍ശന മേളയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍. നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടിയുടെ പോസ്റ്ററിലും ഫ്ളെക്സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയായിരുന്നു എങ്കിലും പരിപാടിയെ കുറിച്ച് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അറിഞ്ഞിരുന്നില്ല. താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് തലേദിവസം രാത്രിയാണ് അറിയിച്ചത്. ഇത്തരത്തില്‍ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചൊന്നും അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല. അതിനാലാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. . യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇത്തരം അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.