'ചിലർ മനപ്പൂർവ്വം സർവ്വേ നടത്താൻ ശ്രമിക്കുന്നു, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി'; അടൂർ പ്രകാശ്

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചിലർ മനപ്പൂർവ്വം സർവ്വേ നടത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ അടൂർ പ്രകാശ് ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. പി വി അൻവറിന്റെ പ്രവേശനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കഴിഞ്ഞുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് തരൂർ പുറത്ത് വിട്ട വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

അതേസമയം സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ശശി തരൂർ പോസ്റ്റ് ഷെയർ ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും കോൺഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read more