സിദ്ധാര്‍ത്ഥിന്റെ മരണം; വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ നിര്‍ദ്ദേശം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് പുറത്താക്കിയ 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം. പുറത്താക്കിയ 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത വൈസ് ചാന്‍സലര്‍ പിസി ശശീന്ദ്രന്റെ നടപടി റദ്ദാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ തിരിച്ചെടുത്തത് വൈസ് ചാന്‍സലറുടെ ഇഷ്ടപ്രകാരമാണെന്നും അതിന് വിസിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് പ്രതികരിച്ചു.

ഇത് സംബന്ധിച്ച് വിസിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞു. ഫെബ്രുവരി 18ന് ആയിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥിനെതിരെ ക്യാമ്പസില്‍ പരസ്യവിചാരണ നടന്നതായും പലയിടങ്ങളിലായി 18 പേര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.