പ്രളയകാലത്തെ സേവനം; കണ്ണന്‍ ഗോപിനാഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേന്ദ്രം

സിവില്‍ സര്‍വീസില്‍ നിന്നു രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് പ്രളയസമയത്ത് കേരളത്തില്‍ വന്ന് സേവനം നടത്തിയതിനെ മുന്‍ നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇക്കഴിഞ്ഞ ജൂലൈയിലാണ് നോട്ടീസ് അയച്ചത്. പ്രളയകാലത്ത് കേരളത്തില്‍ വന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന്  നോട്ടീസിന് നല്‍കിയ മറുപടിയില്‍ കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രാമം ദത്തെടുക്കുന്നതുള്‍പ്പെടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായ് പട്ടേലുമായുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണു റിപ്പോര്‍ട്ട് നല്‍കാതിരുന്നതെന്ന് കണ്ണന്‍ നല്‍കിയ മറുപടി കത്തില്‍ പറയുന്നു.കൂടാതെ മുഖ്യമന്ത്രിയെ കണ്ട് ഒരു കോടി രൂപയുടെ സഹായ വാഗ്ദാനം നല്‍കിയതും പട്ടേലിന്റെ സമ്മതത്തോടെയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അടിസ്ഥാനമില്ലാത്ത നിരവധി കാര്യങ്ങള്‍ കാരണം കാണിക്കല്‍നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുകൂടാതെ പട്ടേലിന്റെ ഭാഗത്തു നിന്നുള്ള വ്യക്തിവിരോധ നടപടികളാണു സര്‍വീസ് വിടാനുള്ള കണ്ണന്റെ തീരുമാനത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ആരാണെന്നു വെളിപ്പെടുത്താതെ വൊളന്റിയറായാണ് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണന്‍ പങ്കെടുത്തത്. എറണാകുളം ജില്ലാ കളക്ടറായിരുന്നു കണ്ണനെ തിരിച്ചറിഞ്ഞത്. ഇതു പിന്നീട് വാര്‍ത്തയാവുകയായിരുന്നു. ജോലിയുടെ ഭാഗമായിട്ടല്ല ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയ്ക്കാണു പ്രളയമേഖലയില്‍ സേവനങ്ങള്‍ നടത്തിയതെന്നും കണ്ണന്‍ ഗോപിനാഥ് പറഞ്ഞിരുന്നു.