മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം; മാധ്യമ പ്രവര്‍ത്തകയെയും പ്രതിചേര്‍ത്ത് പൊലീസ്

നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ കേസില്‍ മാധ്യമപ്രവര്‍ത്തകയെയും പ്രതിചേര്‍ത്തു. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറായ വിജി വിനീതയെയാണ് എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേര്‍ത്തത്. ഗൂഢാലോചന കുറ്റമാണ് വിനീതയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിലവില്‍ കേസിലെ അഞ്ചാം പ്രതിയാണ് വിനീത. ഡിസംബര്‍ 10ന് പെരുമ്പാവൂരില്‍ നിന്ന് കോയമ്പത്തൂരേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനത്തിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഈ സമയം വിനീത സംഭവ സ്ഥലത്തുണ്ടായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ഷൂ എറിയുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി വധശ്രമം ചുമത്തിയതിന് പൊലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.