ചെരുപ്പ് വൃത്തിയാക്കല്‍, ലൈംഗിക അധിക്ഷേപം; നഴിസിംഗ് കോളജിന് എതിരെ വിദ്യാര്‍ത്ഥികള്‍

ചേര്‍ത്തല എസ്.എച്ച് കോളജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ പരാതിയെന്ന് നഴ്‌സിംഗ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചുവെന്നതുള്‍പ്പടെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് നഴ്‌സിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കി.

വൈസ് പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ച് നടക്കുന്നതോ, സംസാരിക്കുന്നതോ പഠിക്കുന്നതോ കണ്ടാല്‍ സ്വവര്‍ഗ്ഗാനുരാഗികളെന്ന് ആരോപിക്കുന്നു. അദ്ധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കിക്കുകയും, ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസ് കഴുകിക്കുകയും ചെയ്തു. വീട്ടില്‍ പോകാന്‍ പോലും വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ലെന്നും പോയാല്‍ പിഴ ഈടാക്കുന്നതായും പരാതിയുണ്ട്.

നഴ്‌സിങ് കൗണ്‍സില്‍ അധികൃതര്‍ കോളജിലെത്തി പരിശോധന നടത്തി. മൂന്നും നാലും വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിട്ടുണ്ട്. വസ്ത്രം ചുളുങ്ങിയിരുന്നാലും തെറ്റായി വ്യാഖ്യാനിക്കും. ജയിലിന് സമാനമാണ് ഹോസ്റ്റല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണം. ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് സമയം. വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നതായാണ് കണ്ടെത്തല്‍.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നഴ്‌സിങ് കൗണ്‍സിലും ആരോഗ്യസര്‍വ്വകലാശാലയും ഉള്‍പ്പടെ യോഗം ചേരും. അടിയന്തര പിടിഎ യോഗമാണ് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് ആരോഗ്യസര്‍വ്വകലാശാല വ്യക്തമാക്കി.