മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ല, ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന് ഡി.എം.ഒ

മലപ്പുറത്ത് ഷിഗല്ല ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക. ഏഴ് വയസുകാരന്റെ മരണം ഷിഗല്ല മൂലമാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, പ്രതിരോധ നടപടികള്‍ ഊര്‍ജതമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് പുത്തനത്താണിയില്‍ ഏഴ് വയസുകാരന്‍ മരിച്ചതിന് പിന്നാലെ ഷിഗല്ലയെന്ന് സംശയിച്ചിരുന്നു. വയറിളക്കത്തെ തുടര്‍ന്നായിരുന്നു കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.

മരിച്ച കുട്ടിയുടെ ബന്ധുവായ മറ്റൊരു കുട്ടിയെയും സമാന ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജില്ലയില്‍ ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്ഷ്യ പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.