കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ട വേദനയാണ്, അച്ഛന്റെ സ്ഥാനം തന്നെയായിരുന്നു മനസില്‍, കുറിപ്പുമായി ഷോണ്‍ ജോര്‍ജ്

അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ഷോണ്‍ ജോര്‍ജ്, ഒരു മകന്റെ കരുതലും സ്‌നേഹവും വാത്സല്യവും അന്നും ഇന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. അച്ഛന്റെ സ്ഥാനം തന്നെയായിരുന്നു കോടിയേരിക്ക് തന്റെ മനസിലെന്ന് ഷോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഷോണ്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുയെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരു ഉത്തരം നല്‍കാനാവില്ല..തിരുവനന്തപുരത്ത് മാര്‍ ഇവാനിയോസ് കോളേജില്‍ പി.ഡി.സിയ്ക്ക് പഠിക്കുന്നു കാലത്താണ് ഞാനും ബിനീഷുമായി അടുത്ത സൗഹൃദം ഉണ്ടാവുന്നത്. അന്നു മുതല്‍ ആ വീട്ടിലെ ഒരു അംഗമായി മാത്രമേ അദ്ദേഹം എന്നെയും കരുതിയിരുന്നത്. ഒരു മകന്റെ സ്‌നേഹവും വാത്സല്യവും കരുതലും അന്നും,ഇന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാനും ബിനീഷും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്.സ്വാഭാവികമായി ആ കാലഘട്ടത്തില്‍ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്‌നങ്ങളും,പോലീസ് കേസുകളും,ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നത്.

അങ്കിള്‍ വീട്ടില്‍ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ചെല്ലുന്നത് കാരണം ആന്റിയുടെ കയ്യില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടാനുള്ള ശകാരത്തിന് അങ്കിള്‍ ഉണ്ടെങ്കില്‍ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കില്‍ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്‌നങ്ങളെ വളരെ ലഘൂകരിച്ച് കളയും.അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്.എത്ര വലിയ പ്രശ്‌നങ്ങളെയും സംയമനത്തോടുകുടി ഒരു ചെറിയ പുഞ്ചിരിയോടെ നേരിടുന്ന ഒരു വ്യക്തിത്വം. അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സില്‍.കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി എന്നും എന്നോട് ആ കരുതല്‍ അദ്ദേഹത്തിനുണ്ടായിരുന്നു.ഒരിക്കലും എന്നോട് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചിരുന്നില്ല കാരണം അദ്ദേഹത്തോട് രാഷ്ട്രീയം സംസാരിക്കാനുള്ള യോഗ്യതയോ പ്രായമോ പക്വതയോ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല ഞാന്‍. എറണാകുളത്ത് ഞാനും ബിനീഷും നിനുവും ഒരുമിച്ച് ഓഫീസ് തുടങ്ങുന്ന കാര്യം പറയുന്നതിനു വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ ഞങ്ങള്‍ സജീവമായി പ്രൊഫഷണല്‍ രംഗത്തേക്ക് തിരികെ വരുന്നതിലുള്ള വലിയ സന്തോഷം പങ്കുവെക്കുകയും, അതോടൊപ്പം എന്നോട് രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു.എന്നോട് പ്രൊഫഷനോടൊപ്പം നിര്‍ബന്ധമായും സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരണമെന്നും നിനക്ക് അതിന് കഴിയും എന്നും അദ്ദേഹം എന്നോട് സൂചിപ്പിച്ചു.

അവിടെയും ഒരു പിതാവിന്റെ കരുതല്‍ എന്നോട് അദ്ദേഹം കാണിച്ചിരുന്നു..വ്യക്തി ജീവിതത്തില്‍ ഇതുപോലെ ചിട്ട പുലര്‍ത്തിയിരുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അങ്കിള്‍ കൃത്യമായി 4.30.ന് എഴുന്നേല്‍ക്കും.കൃത്യമായി എന്നും വ്യായാമം ചെയ്യും.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതെ ഇതുപോലെ ചിട്ടയോടെ ജീവിച്ച ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ആ ചിട്ടകള്‍ പ്രകടമായിരുന്നു. എത്ര പ്രതിസന്ധിയുള്ള വിഷയങ്ങള്‍ നമ്മള്‍ ചെന്ന് പറയുമ്പോഴും ചെറുപുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വം. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും ഞാന്‍ ഇന്നുവരെയും അദ്ദേഹത്തിന്റെ അടുക്കല്‍ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എല്ലാ കാര്യത്തിനും അദ്ദേഹത്തിന്റെ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്റെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങള്‍ക്കും അദ്ദേഹവും ആ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരുന്നു.

ഒരു കുടുംബാംഗം എന്ന നിലയില്‍ കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ട വേദനയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും.. ആ വലിയ പ്രഭാവം ഇല്ലാതായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.രണ്ടാം പിണറായി സര്‍ക്കാര്‍ തിരിച്ചുവരുമെന്ന് എന്റെ മനസ്സില്‍ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം ഭരണത്തില്‍ ഇരിക്കുമ്പോള്‍ സിപിഎം എന്ന സംഘടനയെ ഇതുപോലെ ചലിപ്പിച്ച ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ല.2016-21 കാലഘട്ടം സംഘടന ഇതുപോലെ വളര്‍ന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ സംഘടന പാഠവം പാര്‍ട്ടിക്ക് ഏറെ ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ടാകണമല്ലോ കണ്ണൂര്‍ പോലെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തില്‍ അദ്ദേഹത്തിന്റെ 35-ആം വയസ്സില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രഭാവം കൊണ്ട് തന്നെയാണ്. ഇന്നുവരെ ആ നാവില്‍ നിന്ന് ഒരു പിഴവാക്ക് ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല, അത് എല്ലാവര്‍ക്കും അറിയാമായിരുന്നു…ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട….