ലൈംഗിക അധിക്ഷേപ പരാതി; എം.എസ്.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ നവാസ്​ അറസ്റ്റിൽ

എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ നവാസ്​ അറസ്റ്റിൽ.

വെള്ളയിൽ സ്​റ്റേഷനിലേക്ക്​ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​. സ്​റ്റേഷൻ ജാമ്യം ലഭിക്കാവുന്ന 354(A) വകുപ്പ്​ രേഖപ്പെടുത്തിയാണ്​ അറസ്റ്റ്​.

മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേൽ ചുമത്തിയിരിക്കുന്നത്.

ജാമ്യത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഇതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

ജൂൺ 22ന്​ ചേർന്ന എം.എസ്​.എഫ്​ സംസ്​ഥാന കമ്മിറ്റി യോഗത്തിൽ ഹരിത നേതൃത്വത്തിനെതിരെ ലൈംഗികച്ചുവയോടെ ആക്ഷേപകരമായി സംസാരിച്ചുവെന്നാണ്​ പി.കെ നവാസിനെതിരായ പരാതി.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

വനിതാ കമ്മീഷന്റെ നിർദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. വെള്ളയിൽ സ്റ്റേഷനിൽ വനിതാ പൊലീസുകാരില്ലാത്തതിനാൽ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

നവാസിനെതിരെ ഹരിത ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഇവർ വനിതാ കമ്മീഷനെ സമീപിച്ചത്.

വനിതാ കമ്മീഷനിലെ പരാതി പിൻവലിക്കണമെന്ന ലീഗ് നിർദേശം അംഗീകരിക്കാത്തതിനെ തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.