വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വധുവും ബന്ധുക്കളും പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രതിയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. മെയ് 5ന് ആയിരുന്നു രാഹുലും എറണാകുളം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം.

കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടില്‍ വിവാഹ സത്കാരം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്ന് വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടത്. ഇതിന് പുറമേ യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു.

Read more

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരിക്കേറ്റ പാടുകളെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. ഗാര്‍ഹിക പീഡനത്തിനാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുലിനൊപ്പം വിവാഹ ജീവിതം തുടരാന്‍ സാധിക്കില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.