'സത്യം ഒരിക്കല്‍ പുറത്തു വരുമെന്ന് നമ്പി നാരായണന്‍ ഓര്‍ക്കണം'; നരേന്ദ്രമോദിയെ തള്ളി ടി.പി സെന്‍കുമാര്‍; 'എന്റെ പൊലിസ് ജീവിതം' പുറത്തിറങ്ങും മുമ്പെ വിവാദം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം തള്ളി, ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്ന് ആവര്‍ത്തിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഡി.സി. ബുക്ക് പുറത്തിറക്കുന്ന “എന്റെ പൊലിസ് ജീവിതം” എന്ന സര്‍വീസ് സ്റ്റോറിയിലാണ് നിലപാട് ആവര്‍ത്തിക്കുന്നത്. വിതുര പീഡനക്കേസില്‍ ഒരു പ്രതിയെ ഒഴിവാക്കാന്‍ ഇടത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തല്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ്ങും ജേക്കബ് തോമസും അടക്കം സഹപ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്.
എന്നാല്‍ ഇന്നലെ തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ ബി.ജെ.പി അനുഭാവമുള്ള സെന്‍കുമാറിനെ വേദിയിലിരുത്തി, നമ്പി നാരായണന്‍ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളെന്നും മോദി പറഞ്ഞിരുന്നു.

പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. താന്‍ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ദില്ലിയില്‍ സ്വാധീനം ചെലുത്തിയെന്നാണ് സര്‍വ്വീസ് സ്റ്റോറിയില്‍ സെന്‍കുമാര്‍ ഉയര്‍ത്തിന്ന മറ്റൊരു പ്രധാന ആരോപണം.

സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെ കുറിച്ചാണ് സെന്‍കുമാര്‍ ഏറ്റവും ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. സിപിഎം സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥ തന്നോട് മൂന്ന് തവണ പറഞ്ഞുവെന്നാണ് സെന്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോള്‍ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെന്‍ കുമാര്‍ പുസ്തകത്തില്‍ പറയുന്നു.

എം.ജി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ താന്‍ പൊലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തില്‍ തനിക്കെതിരെ സര്‍ക്കാറിന് പരാതി കൊടുക്കാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെന്‍ കുമാറിന്റെ മറ്റൊരു ആരോപണം. ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമണ്‍ ശ്രീവാസ്തവ തനിക്കെതിരെ പ്രവര്‍ത്തിച്ചത്. ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനാണെന്ന് പുസ്തകത്തില്‍ സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നുണ്ട്. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നു.