മോദി ശക്തനായ ഭരണാധികാരി; ബിജെപി കേരളത്തില്‍ ശക്തമായി വേരോട്ടം നടത്തുന്നു; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ല; തുറന്നടിച്ച് ജി സുധാകരന്‍

കേന്ദ്രത്തില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും സിപിഎം നേതാവ് ജി സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്. സുരേഷ് ഗോപിയുടെ സ്‌റ്റൈയില്‍ കോപ്രായമല്ല. അദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഐഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്‌റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോര്‍ന്നു. പുന്നപ്രയിലും വോട്ട് ചോര്‍ന്നു. വോട്ട് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യം. കായംകുളത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. പുന്നപ്ര വയലാര്‍ സ്മാരകങ്ങളിരുന്നിടത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോയെന്നും അദേഹം പറഞ്ഞു.

ഷൈലജയെ മാധ്യമങ്ങള്‍ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അവര്‍ മുന്നേയും തോറ്റിട്ടുണ്ട്. ബിജെപി ശക്തമായി കേരളത്തില്‍ വേരോട്ടം നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.