കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം; പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം, സമരം ശക്തമാക്കാന്‍ തീരുമാനം

ഓര്‍ത്തഡോക്സ്- യാക്കോബായ സംഘര്‍ഷം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി നടപടികള്‍ ആരംഭിച്ചു. പള്ളിയുടെ താക്കോല്‍ കൈമാറണമെന്നാവശ്യപ്പെട്ട് മുവാറ്റുപ്പുഴ ആര്‍.ഡി.ഒ പള്ളിയില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. അതേസമയം, ഒരു കാരണവശാലും പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.

കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആര്‍.ഡി.ഒ പള്ളിയിലെത്തി താക്കോല്‍ കൈമാറണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിപ്പിച്ചത്.

Read more

അതേസമയം പള്ളി ഏറ്റെടുക്കുന്ന നടപടി പ്രതിരോധിക്കാന്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് യാക്കോബായ സഭയുടെ തീരുമാനം. നിലവിലുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ ശ്രേഷ്ഠ കാത്തോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ പള്ളിയുടെ പരിസരത്ത് മുഴുവന്‍ സമയവും വിശ്വാസികളുടെ സാന്നിദ്ധ്യമുണ്ടാവും. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാര്‍ തിരിച്ചെത്തിയതിനാല്‍ പള്ളി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കാമെന്ന് റൂറല്‍ എസ്.പി ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് ലഭ്യമാവുന്ന സൂചന.