വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല; 24 ന്യൂസ് നൽകിയ വാർത്തയെ വിമർശിച്ച് സത്താർ പന്തല്ലൂർ

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന് മുസ്ലീം സംഘടനകൾ അവശ്യപ്പെട്ടതായി 24 ന്യൂസ് ചാനൽ നൽകിയ വാർത്തയെ വിമർശിച്ച് സത്താർ പന്തല്ലൂർ. വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഇന്ന് വരെ ഒരു മുസ് ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ലെന്ന് സത്താർ പറഞ്ഞു.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിന്റെ സമയം ക്രമീകരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച സ്കൂൾ കായികമേള വേണ്ടെന്ന തലശ്ശേരി അതിരൂപതയുടെ പ്രസ്താവനക്ക് തൂക്കമൊപ്പിക്കാൻ വേണ്ടിയാണ് ഇത്തരം വാർത്തൾ നൽകുന്നതെന്നാണ് വിമർശനം . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം

കുറിപ്പിന്റെ പൂർണരൂപം;


മുസ് ലിം സമുദായത്തിൻ്റെ ആവശ്യങ്ങൾ സമുദായം പോലും ചിന്തിക്കുന്നതിന് മുമ്പ് പൊതുജനമധ്യേ അവതരിപ്പിക്കാൻ 24 ചാനൽ കാണിക്കുന്ന ഉത്സാഹം അഭിനന്ദിക്കാതെ വയ്യ. പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഇന്ന് വരെ ഒരു മുസ് ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിൻ്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടന്ന് മാത്രം. കഴിഞ്ഞ ദിവസം വന്ന തലശ്ശേരി അതിരൂപതയുടെ പ്രസ്താവനക്ക് തൂക്കമൊപ്പിക്കാൻ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവർത്തകർ തന്നെ വരുന്നത് മോശമാണ്. മുസ് ലിം സംഘടനകൾ അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ വളച്ചു കെട്ടില്ലാതെ കൊടുത്താൽ മതി. വെറുതെ മുറത്തിൽ കേറി കൊത്താൻ വരരുത്. “