'ഗാന്ധിജിയുടെ ചെറുമകനെ പോലും വേട്ടയാടുന്ന സംഘപരിവാറിനെയും അതിന് കുട പിടിക്കുന്ന പിണറായി സർക്കാരിനെയും ഈ മണ്ണിൽ നിന്ന് തൂത്തെറിയണം'; ചെന്നിത്തല

നെയ്യാറ്റിൻകരയിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുഷാർ ഗാന്ധിയെ സംഘപരിവാർ ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഗാന്ധിജിയുടെ ചെറുമകനെ പോലും വേട്ടയാടുന്ന സംഘ് പരിവാർ ശക്തികളെയും അതിന് കുട പിടിക്കുന്ന പിണറായി സർക്കാരിനെയും ഈ മതേതര മണ്ണിൽ നിന്ന് തൂത്തെറിയണമെന്നും ചെന്നിത്തല പ്രതികരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പൊലീസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തുഷാർ ഗാന്ധിയെ സംഘ് പരിവാർ ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അങ്ങേയറ്റം അപമാനകരം.
ഗാന്ധിജിയുടെ ചെറുമകനെ പോലും വേട്ടയാടുന്ന സംഘ് പരിവാർ ശക്തികളെയും അതിന് കുട പിടിക്കുന്ന പിണറായി സർക്കാരിനെയും ഈ മതേതര മണ്ണിൽ നിന്ന് തൂത്തെറിയണം.
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിമെന്ന ആർഎസ്എസ് ബിജെപി അജണ്ട കേരളത്തിൽ വിലപ്പോവില്ല.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പൊലീസ് നടപടി അത്ഭുതപ്പെടുത്തുന്നു.
പിണറായി സർക്കാർ സംഘ് പരിവാർ ശക്തികൾക്ക് വിനീത വിധേയനായി പ്രവർത്തിക്കുകയാണ്.
ഇത്തരം ശ്രമങ്ങൾ ഞങ്ങൾ ചെറുക്കും!

പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ​ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ​ഗാന്ധി പ്രസം​ഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർ​ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

Read more