'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസിനെതിരെ സമസ്ത, വിമർശനം മുഖപത്രത്തിൽ

കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് സർ‍ക്കാരിന്റെ നവകേരള സദസിനെതിരെ വിമർശനം ഉയർന്നിട്ടുള്ളത്. ‘ഈ സദസ്സ് ആരെ കബളിപ്പിക്കാൻ’ എന്ന പേരിലാണ് ലേഖനം.

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്. വളരെ കുറച്ച് പേർക്ക് മാത്രമാണ് ക്ഷേമപെൻഷൻ കൊടുത്തിട്ടുള്ളത്. ഇത് ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നും മുഖപത്രത്തിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കൺകെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ ലേഖനത്തിൽ പ്രശംസിച്ചിട്ടുമുണ്ട്.

അതേസമയം, ‘ജനമനസറിയാൻ നവ കേരള സദസ്’ എന്ന ലേഖനവും അതേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എല്ലാ പത്രങ്ങൾക്കും സർക്കാർ നൽകിയതാണ്. വിമർശിക്കുന്നതിനോടൊപ്പം സർക്കാരിന്റെ ലേഖനവും സമസ്ത പത്രത്തിൽ നൽകിയിട്ടുണ്ട്.

വഖഫ്, പലസ്തീൻ വിഷയത്തിലുൾപ്പെടെ സിപിഎം അനുകൂല നിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. മുസ്ലിംലീ​ഗുൾപ്പെടെ ഇതിൽ സമസ്തക്കെതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.