സജി ചെറിയാന്റെ വിവാദ പ്രസംഗം; രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും

മന്ത്രി സജി ചെറിയാന്റെ ഭരണഘടനയെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. എന്നിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ആരോപിച്ചാണ് നോട്ടീസ് നല്‍കുക. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നത്.

അതേസമയം സജി ചെറിയാന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള പരാതികളില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. മന്ത്രിക്കെതിരെ പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിനായി പരാതികള്‍ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തര്‍ക്ക് കൈമാറി. പ്രസംഗം പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. വിശദ പരിശോധന നടത്തിയതിന് ശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കുള്ളൂവെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. പ്രസംഗവും അതിനിടയാക്കിയ സാഹചര്യവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.