ശബരിമല സ്വർണപ്പാളി വിവാദം; പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി നിയമസഭ, സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി നിയമസഭ. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. തുടർന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും.

സ്വർണപ്പാളിയിലെ തൂക്കകുറവുമായി ബന്ധപ്പെട്ട് വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എ എൻ ഷംസീർ ചെയറിൽ എത്തിയ സമയത്ത് ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെയ്ക്കുന്നത്. ‘സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ’, ‘കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ എന്നീ പ്ലക്കാ‌ർഡ് ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. സ്പീക്കറിൻ്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നില്ല.

അടിയന്തരപ്രമേയത്തിന് നോട്ടീസ് പോലും നൽകാത്ത വിഷയത്തിൽ ബഹളം ഉണ്ടാക്കരുതെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും സ്പീക്കർ അറിയിച്ചെങ്കിലും ബഹളം അവസാനിച്ചില്ല.ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി എസ് ഐ ടിയെ ഏർപ്പാടാക്കിയെന്നും അന്വേഷണം നടക്കുകയാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇതിനപ്പുറം എന്ത് ചെയ്യാൻ കഴിയുമെന്നും സ്പീക്കർ വ്യക്തമാക്കി. സഭ പിരിഞ്ഞതിന് ശേഷവും പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി.

Read more