ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. സഭ നടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇന്നും പ്രതിഷേധം ഉയർത്തി. സഭാ നടപടികളോട് സഹകരിക്കില്ലെന്നും സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക് വിറ്റുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അതിന് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. തുടങ്ങിയ ആവശ്യങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.







