ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്ന് പറഞ്ഞ വി ഡി സതീശൻ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും വിമർശനം ഉന്നയിച്ചു.

അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള വിവരക്കേട് മന്ത്രിമാര്‍ വിളിച്ചുപറയുന്നത് നമ്മള്‍ കണ്ടെന്നും അവര്‍ക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവരദോഷികള്‍ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താന്‍ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയില്‍ മന്ത്രിമാര്‍ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.

Read more

അതേസമയം അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം നടത്തുകയാണ് എസ്‌ഐടി. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വിഎസ്എസ്സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു കേസില്‍ ജാമ്യം ലഭിച്ചു. മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.