ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. അടച്ചിട്ട മുറിയിൽ കോടതി നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരിക്കും മുന്നോട്ടുകൊണ്ടുപോകുക. ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയെന്ന എസ്‌ഐടിയുടെ വിലയിരുത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോർട്ട് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ടായിരിക്കും കേസിൽ ഇടക്കാല ഉത്തരവ് ദേവസ്വം ബെഞ്ച് പുറത്തിറക്കുക. ഈ ഘട്ടത്തിലാകും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരിക. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിരിക്കുന്നത്.







