യുഡിഎഫിൽ തുടരുമെന്ന് ആർഎസ്പി; ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും

യുഡിഎഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ആർ.എസ്.പി തീരുമാനം. യു.ഡി.എഫ് യോ​ഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ആർ.എസ്.പി പിന്നോട്ട് പോയി.

തിങ്കളാഴ്ച രാവിലെ നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കും. കോൺഗ്രസിലെ തമ്മിലടിയിൽ അതൃപ്തി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാനും തീരുമാനമായി.

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ വിശദമായ ഉഭയകക്ഷി ചർച്ചയില്ലാത്തതിന് പിന്നാലെയാണ് യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആർ.എസ്.പി അറിയിച്ചത്.

ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ട് ആർ.എസ്.പി കത്ത് നൽകി 40 ദിവസമായിട്ടും നടപടിയുണ്ടാകത്തതിൽ പ്രതിഷേധിച്ചായിരുന്നു യോ​ഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇതോടെ പാർട്ടി മുന്നണി വിടുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു.

എന്നാൽ നേരത്തെ പാർട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്.

തല്ക്കാലം യുഡിഎഫിൽ നിന്നുകൊണ്ട് മുന്നണിയേ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആർ എസ് പിയുട കാഴ്ചപ്പാട്.