'സ്വര്‍ണം കടത്തിയവര്‍ രാജിവെച്ചിട്ടാവാം എന്റെ രാജി'; സജി ചെറിയാനെയും സി.പി.എമ്മിനെയും പരിഹസിച്ച് റോജി

ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോജി എം.ജോണ്‍. ‘സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്‌ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്ന് റോജി എം.ജോണ്‍ പരിഹസിച്ചു.

റോജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്..

സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്‌ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം.

സജി ചെറിയാന്‍ രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്.

അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി ചെറിയാന്‍. എകെജി സെന്ററില്‍ നടന്ന അവയ്ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെയാണ് രാജി വെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എജിയോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്തു.