87 രൂപയ്ക്ക് ചിക്കന്‍ എവിടെയെന്ന് റോജി, എല്ലാ കാലത്തും 87 രൂപയ്ക്ക് നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്

85 രൂപയ്ക്ക് കെ ചിക്കന്‍ കൊടുക്കുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ സഭയില്‍ ഉണ്ടായിരുന്നുവെന്ന റോജി എം ജോണ്‍ എം.എല്‍.എയുടെ പരിഹാസത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസക്ക്. 87 രൂപക്ക് ചിക്കന്‍ എവിടെയെന്നുള്ളത് ബി.ജെ.പി ക്കാരുടെയും കോണ്‍ഗ്രസുകാരുടെയും തന്റെ പോസ്റ്റിനു കീഴിലുളള സ്ഥിരം ട്രോളുകളാണ്. ഈ അളിപിളി സംഘത്തോടൊപ്പം റോജിയെപ്പോലെ ഒരാള്‍ ചേരുന്നത് ശരിയല്ലെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ജി എസ് റ്റി വന്നപ്പോള്‍ 100 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ വില കുറച്ചില്ലെന്നു മാത്രമല്ല വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നികുതി കുറഞ്ഞപ്പോള്‍ 87 നു നല്‍കേണ്ടത് വര്‍ദ്ധിപ്പിച്ചതിന്റെ അന്യായത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇതിന്റെ പിന്നില്‍ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു. ഇതിനെതിരായിട്ടാണ് താന്‍ പ്രസ്താവന ഇറക്കിയത്.’, അദ്ദേഹം കുറിച്ചു.

എല്ലാ കാലത്തും 87 രൂപയ്ക്ക് തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസകിനെ പരിഹസിച്ച് എം.എല്‍.എ രംഗത്ത് വന്നത്. സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ചായിരുന്നു പരിഹാസം.

ഇന്ന് ചിക്കന് വില 155 രൂപ മുതല്‍ 160 രൂപവരെയാണ്. കേരളത്തില്‍ 85 രൂപയ്ക്ക് കെ ചിക്കന്‍ കൊടുക്കുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ സഭയില്‍ ഉണ്ടായിരുന്നു. തോമസ് ഐസക്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.