ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി റോഡ് ഉപരോധം; പിണറായി നികൃഷ്ടനെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കെജി പ്രസാദ് ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമാണെന്ന് എഴുതി വച്ച ശേഷമാണ് ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി ജംഗ്ഷനിലാണ് ഉപരോധം. കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെജി പ്രസാദ് വിളവെടുത്ത നെല്ലിന് സര്‍ക്കാര്‍ പണം നല്‍കിയത് ലോണ്‍ മുഖേനയായിരുന്നു. തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ച് പ്രസാദ് സുഹൃത്തിനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്. അതേ സമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആത്മഹത്യ ചെയ്ത പ്രസാദിന്റെ കുടുംബത്തെ നേരില്‍ കണ്ടു. തിരവല്ലയിലെ ആശുപത്രിയിലെത്തിയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

Read more

കേന്ദ്രം സംസ്ഥാനത്തിന് വിഹിതം കൈമാറിയിട്ടും എന്തുകൊണ്ടാണ് പണം ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അവര്‍ക്കുവേണ്ടി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടനെന്നും കണ്ണില്‍ ചോരയില്ലാത്തവനെന്നും സംഭവത്തില്‍ പ്രതികരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.