യൂത്ത് കോൺഗ്രസിനെ മോശമായി പറഞ്ഞിട്ടില്ല; വിശദീകരിച്ച് ചെന്നിത്തല

ഡിവൈഎഫ്ഐയെ പ്രശംസിച്ച പ്രസംഗത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം സദുദ്ദേശത്തോടെയായിരുന്നു. കൊവിഡ് കാലത്ത് നാട്ടിൽ ഏറെ സജീവമായത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്.യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നുമായിരുന്നു പരാമർശം. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കി പ്രവ‍ത്തിക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു.

യൂത്ത് കോൺഗ്രസ്‌ കാസർകോട് ജില്ലാ സമ്മേളനത്തിലായിരുന്നു ചെന്നിത്തല ഇപ്രകാരം പറഞ്ഞത്. ഡിവൈഎഫ്യെ പുകഴ്തിയ ചെന്നിത്തലയോട് നന്ദിയറിച്ച് രാജ്യസഭാ എംപിയും,ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.