അനധികൃത സ്വത്ത് സമ്പാദനത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സിബിഐക്കും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കെഎം എബ്രഹാം നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
വരുമാനത്തിന്റെ രേഖകൾ ഹാജരാക്കാൻ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാൽ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെഎം എബ്രഹാം മറുപടി നൽകിയത്. സിബിഐ അന്വേഷണത്തിന് മുൻകൂർ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നും കെഎം എബ്രഹാം പറഞ്ഞു.
Read more
മതിയായ കാരണങ്ങളില്ലാതെ അഴിമതി നിരോധന നിയമം അനുസരിച്ചുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കെഎം എബ്രഹാം അപ്പീലിലൂടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് പരാതിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഹർജിക്ക് കാരണം. 2009 മുതൽ 2015 വരെയുള്ള വരുമാനം മാത്രമാണ് വിജിലൻസ് പരിശോധിച്ചത്. 2000 മുതൽ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. ശല്യക്കാരനായ വ്യവഹാരിയാണ് ജോമോൻ പുത്തൻ പുരയ്ക്കൽ. ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടി എന്നുമാണ് കെഎം എബ്രഹാമിന്റെ വാദം.







