തരൂര്‍ പാര്‍ട്ടിയില്‍ വഹിച്ച സ്ഥാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് രമേശ് ചെന്നിത്തല; അഭിമുഖം ശശി തരൂര്‍ രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുമ്പെടുത്തതെന്നും ചെന്നിത്തലയുടെ വിശദീകരണം

ശശി തരൂരിന്റെ ഇപ്പോള്‍ പുറത്തുവന്ന അഭിമുഖം അദ്ദേഹം കൊടുത്തത് രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുന്‍പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശശി തരൂരിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് താന്‍ തന്നെയാണെന്നും അദ്ദേഹ പോലൊരാള്‍ കോണ്‍ഗ്രസിനൊപ്പം വേണ്ടതിന്റെ അനിവാര്യത അറിഞ്ഞു തന്നെയാണ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും രമേശ് ചെന്നിത്തല തുറന്നുസമ്മതിച്ചു. താന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ് ശശി തരൂര്‍ യു എന്‍ സേവനം വിട്ടുവന്നതെന്നും ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് പാര്‍ട്ടിയില്‍ ചേരണമെന്ന് താന്‍ പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു.

നിലവിലെ തരൂരിന്റെ ലേഖനത്തെ കുറിച്ച് ഉയരന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ശശി തരൂര്‍ ആ അഭിമുഖം നല്‍കിയത് രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കുന്നതിന് മുമ്പാണെന്ന് പറഞ്ഞാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ ആ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന ധ്വനിയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍ ഉള്ളത്.

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂരിന്റെ അഭിമുഖം ഇംഗ്ലീഷ് ദിനപത്രത്തിലാണ് വന്നത്. കേരളത്തില്‍ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാം തവണയും തിരിച്ചടി നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദേശീയ തലത്തിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ സഖ്യ കക്ഷികള്‍ക്കിടയിലും ഭിന്നതയുണ്ടെന്നും അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂര്‍ പറഞ്ഞു.

സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയിലെ സേവനത്തിനുശേഷം അമേരിക്കയില്‍ സുഖകരമായ ജീവിതം ഉപേക്ഷിച്ച് മടങ്ങിവന്ന് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവമാണ് രമേശ് ചെന്നിത്തലയും തുറന്ന് സമ്മതിക്കുന്നത്. ശശി തരൂര്‍ പറഞ്ഞ ഇക്കാര്യം നൂറുശതമാനം ശരിയാണ്. അദ്ദേഹത്തെപ്പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തരൂരിനെ ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് നില്‍ക്കണമെന്നാണ് താനന്ന് നിര്‍ദേശിച്ചത്. പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെപിസിസി സമ്പൂര്‍ണ സമ്മേളനത്തിലേക്ക് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ ക്ഷണിച്ചുവെന്നും സോണിയാ ഗാന്ധിയും വേദിയില്‍ ഉണ്ടായിരുന്നുവെന്നും തരൂരിനെ ആ വേദിയില്‍ ഇരുത്തിയെന്നും ചെന്നിത്തല പറഞ്ഞു. അങ്ങനെയാണ് ശശി തരൂര്‍ കോണ്‍ഗ്രസിലേക്ക് വന്നത്.

ഈ പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കേണ്ടതിലെ അനിവാര്യതകൊണ്ടാണല്ലോ അദ്ദേഹത്തെ നാലുതവണ കോണ്‍ഗ്രസ് എം.പിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരംസമിതിയംഗങ്ങളില്‍ ഒരാളാക്കിയതും.

തരൂര്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് രമേശ് ചെന്നിത്തല പാര്‍ട്ടി എന്തെല്ലാം ശശി തരൂരിന് വേണ്ടി നല്‍കിയെന്ന് വ്യക്തമാക്കിയത്.