'കോടിയേരി' വീട്ടിലെ റെയ്ഡ്: വിശദീകരണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന് കേരള പൊലീസിന്റെ കത്ത്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന് കേരള പൊലീസ് ഇമെയില്‍ അയച്ചു. പൊലീസ് നേരിട്ട് ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ ഉദ്യോഗസ്ഥർ ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് ബിനീഷിന്റെ ഭാര്യാപിതാവും പരാതി നൽകിയിട്ടുണ്ട്. വ്യാജരേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.

പരാതി ലഭിച്ച പൊലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇത്. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐ. തടഞ്ഞു കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാൻ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പൂജപ്പുര പോലീസ് ഇപ്പോള്‍ ഇമെയിൽ അയച്ചത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഉദ്യോഗസ്ഥർ വന്ന് മൊഴി നല്‍കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്.