'രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയിക്കണം'; വെല്ലുവിളിയുമായി വിഡി സതീശൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെ വരെ സ്വാധീനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. ആര്‍എംഒ ഇടപെട്ട് പരിശോധിച്ച ഡോക്ടറെ തിരുത്തി. എംവി ഗോവിന്ദനടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു. ഈ സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആഹ്ലാദിക്കുകയാണെന്ന് സതീശൻ വിമർശിച്ചു. സർക്കാരിന് ഉപദേശം കൊടുക്കുന്നവർ അവരുടെ ശത്രുക്കളാണെന്നു തെളിയിക്കുന്ന രീതിയിലാണു കാര്യങ്ങൾ നടക്കുന്നതെന്ന് സതീശൻ പരിഹസിച്ചു.

‘ഇവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം രാഹുലിനെ ആശുപത്രിയിൽ പോയി കണ്ടതാണ്. ഞാൻ സ്ഥലത്തില്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാൻ എല്ലാം ബുക് ചെയ്ത് വച്ചിരുന്നതാണ്. അതുകൊണ്ട് ജയിലിൽ പോകുമ്പോൾ ഞങ്ങൾക്കു ഭയമുണ്ടായിരുന്നു. അതു ജയിലിൽ പോകാനുള്ള ഭയമല്ല. ഈ ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ സ്റ്റേബിൾ എന്നല്ലാതെ എന്താണ് എഴുതുക? ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നത് എപ്പോഴാണ്? സ്റ്റേബിൾ ആകുമ്പോഴല്ലേ? എന്നിട്ട് ആൾക്ക് വിശ്രമം നിർദ്ദേശിക്കുകയല്ലേ ചെയ്യുന്നത്? ഒരാൾക്കു പ്രശ്നമുണ്ടെന്നു പറ‍ഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമോ? ഇവർ എന്തൊക്കെയാണ് പറയുന്നത്.’

ന്യൂറോ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് രാഹുൽ ഹാജരാക്കിയത്. എന്നാൽ കോടതി നടത്തിയ പരിശോധന ബിപി നോക്കുന്നതിനുള്ള പരിശോധനയാണ്. ന്യൂറോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആൾക്ക് രോഗമുണ്ടോ എന്നറിയാൻ ബിപി നോക്കിയാൽ മതിയാകുമോ. ബിപി നോക്കിയപ്പോൾ അത് 160 ആയിരുന്നു. ഇക്കാര്യം എഴുതാനായി ഡോക്ടർ പോയപ്പോൾ ജനറൽ ആശുപത്രിയിലെ ആർഎംഒയെ സ്വാധീനിച്ച് കുറേക്കൂടി കഴിഞ്ഞിട്ട് എടുത്താൽ മതിയെന്ന് പറഞ്ഞു. അതോടെ ബിപി 150 ആയി. അങ്ങനെ നോർമൽ ആണ് എന്ന് ആർഎംഒ എഴുതി. ഇവരെല്ലാം ഇതിനു കൂട്ടുനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാമെന്നും വിഡി സതീശൻ ആരോപിച്ചു.

സംസ്ഥാനത്ത് സ്റ്റാലിനിസ്റ്റ് നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.  അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ശക്തമായി തിരിച്ചടിക്കും. പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അധികാരമുപയോഗിച്ച് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ വ്യാപകമായി കേസുകളെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.