നെറ്റ് ഓഫർ തീർന്നിരിക്കുന്നു, ആയതിനാൽ പ്രതികരിക്കുവാൻ കഴിയുന്നില്ല: കെ. ആർ മീരയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

എഴുത്തുകാരി കെഎര്‍ മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.

“അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്.
പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്‌നേഹിയുമായ’ ശ്രീമതി കെ. ആര്‍ മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക…’, എന്നാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

22കാരനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൻസൂറിന്റെ മൃതദേഹം വിട്ടുനൽകി. സിഎച്ച് സെൻ്ററിൽ പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം കുഞ്ഞിപ്പള്ളിയിലേക്ക് കൊണ്ടുപോകും. അവിടുന്ന് വിലാപയാത്രയായിട്ടായിരിക്കും വീട്ടിലേക്ക് കൊണ്ടുപോവുക.