വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി. വയനാട്ടിൽ ബുധനാഴ്ച നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. വയനാട് പാർലമെൻറ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും എംഎൽഎയും ആയ എ.പി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയുമാണ് വിവരങ്ങൾ പങ്ക് വച്ചത്.
വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ഷോയിൽ പങ്കെടുക്കുക. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.
രാവിലെ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടർന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
Read more
അതേസമയം കൽപ്പറ്റ നഗരത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കം മാത്രമാണ് ബുധനാഴ്ച നടക്കുന്നതെന്നും പ്രചാരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ഇതിനകം തന്നെ പൂർത്തിയാക്കിയതായും നേതാക്കൾ അറിയിച്ചു.