തൃശൂർ കോർപ്പറേഷനിൽ തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം. തൃശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലെ യോഗത്തിനിടെ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് കൂട്ട സസ്‌പെൻഷൻ ലഭിച്ചു. നഗരമധ്യത്തിലെ എംജി റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധത്തിനിടെ ഡെസ്‌കിൽ കയറിയ ആളെ മേയർ സസ്പെൻഡ് ചെയ്‌തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടൻ കുറച്ചുപേർക്കൂടി ഡെസ്‌കിൽ കയറി. അതോടെ 10 പേരെക്കൂടി സസ്പെൻഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗൺസിലർമാരും ഡെസ്ക്കിൽ കയറുകയായിരുന്നു.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ പല്ലൻ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
Read more
പ്രതിപക്ഷ കൗൺസിലർമാരിൽ ഭൂരിപക്ഷം പേരെയും അടുത്ത മൂന്ന് കൗൺസിൽ യോഗങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ കൗൺസിലിനെ അപമാനിച്ച പ്രതിപക്ഷ കക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാരും ബഹളംവെച്ചു.