ഈരാറ്റുപേട്ടയില്‍ ഹമാസിനും പലസ്തീനും അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം; ഇമാമുമാരടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഈരാറ്റുപേട്ടയില്‍ ഹമാസിനും പലസ്തീനും അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഇമാം അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.പുത്തന്‍പള്ളി ഇമാം കെ.എ. മുഹമ്മദ് നദീര്‍ മൗലവി, മുഹ്‌യിദ്ദീന്‍ പള്ളി ഇമാം വി.പി. സുബൈര്‍ മൗലവി, നൈനാര്‍ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീര്‍, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി.എം. മുഹമ്മദ് ഇല്‍യാസ്, അയ്യൂബ് ഖാന്‍ എന്നിവരടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

അനധികൃതമായി സംഘം ചേരല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആറുമാസം വരെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ഉച്ചകഴിഞ്ഞാണ് റാലി നടത്തിയത്. ഇതിനെതിരെയാണ് കേസ് എടുത്തത്.

എന്നാല്‍, സമാധാനപരമായി നടത്തിയ റാലിക്കെതിരെ കേസ് എടുത്തത് ദുരുദ്ദേശപരവും നാടിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി.