'വഴിയിൽ കൂടി പോകുന്നവർ പറയുന്നതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല'; ജലീലിന് എതിരെ പി.എം.എ സലാം

പി.കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുൻ മന്ത്രി കെ.ടി ജലീലിനെതിരെ വിമർശനവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ലെന്നും സലാം പറഞ്ഞു.

‘എ.ആർ. നഗർ സഹകരണ ബാങ്കും കെ.ടി ജലീലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അറിയില്ല. അന്വേഷണത്തിൽ ഭയമില്ല. ഏത് അന്വേഷണത്തെയും നേരിടും. കെ.ടി. ജലീലിന്‍റെ ആരോപണത്തിൽ ഭയമില്ല. വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല’. ജലീലിന് മറുപടി പറയേണ്ട ബാദ്ധ്യത ലീഗിനില്ലെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.

സഹകരണ ബാങ്ക് വിഷയത്തിൽ വ്യക്തമായ നിലപാടാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ട്രാൻസ്പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്. ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതി ചെയ്യുന്നവർക്ക് അത് നഷ്ടപ്പെടുകയാണ് ചെയ്തതെന്നും പി.എം.എ സലാം വ്യക്തമാക്കി.

ലീഗിന് മുന്നിൽ ജലീൽ ഒന്നുമല്ല. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ എതിർക്കുമ്പോൾ മാത്രമേ ലീഗ് മറുപടി പറയേണ്ടതുള്ളൂ. സി.പി.എമ്മിന്‍റെ പിന്തുണ പോലും ജലീലിനില്ല. അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റി അംഗം പോലും ആക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.